നടി നിഖില വിമല്‍ മുഖ്യാതിഥിയായി. സ്വാഗതഗാനത്തിന് നടി ആശ ശരത് നൃത്താവിഷ്‌കാരമൊരുക്കി.
കൊല്ലം : 62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. നടി നിഖില വിമല്‍ മുഖ്യാതിഥിയായി. സ്വാഗതഗാനത്തിന് നടി ആശ ശരത് നൃത്താവിഷ്‌കാരമൊരുക്കി. ഭിന്നശേഷിക്കുട്ടികളുടെ കലാവിരുന്നും, കാസര്‍കോട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഗോത്രവര്‍ഗ കലാവിഷ്‌കാരമായ മംഗലംകളിയും അവതരിപ്പിച്ചു.
24 വേദികളില്‍ 239 ഇനങ്ങളില്‍ 14,000 കുട്ടികള്‍ മത്സരിക്കാനെത്തും. അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികംപേര്‍ തുടര്‍ദിവസങ്ങളില്‍ പങ്കാളികളാകും. മണ്‍മറഞ്ഞ അനശ്വരപ്രതിഭകളുടെ പേരിലാണ് വേദികള്‍ അറിയപ്പെടുക. എല്ലാ വേദിക്കും ഇക്കുറി ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.
അപ്പീല്‍ വഴിയെത്തിയ 331 പേര്‍ ഉള്‍പ്പെടെ 9571 പ്രതിഭകള്‍ 239 ഇനങ്ങളിലായി 24 വേദികളില്‍ മാറ്റുരയ്ക്കും. ഇതില്‍ 3969 ആണ്‍കുട്ടികളും 5571 പെണ്‍കുട്ടികളുമാണ്. മത്സരാര്‍ഥികളും അധ്യാപകരും കാണികളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളംപേര്‍ പങ്കുചേരുന്ന കലോത്സവം കൊല്ലത്തിന്റെ മഹോത്സവമായി മാറും. 6000 ചതുരശ്ര അടിയിലാണ് ആശ്രാമം മൈതാനത്തെ പ്രധാനവേദി. ഭക്ഷണ വിതരണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ തുടങ്ങി. മെഡിക്കല്‍ ടീമിനെ സജ്ജമാക്കി. കോഴിക്കോട് നിന്നും സ്വര്‍ണക്കപ്പ് കൊല്ലത്ത് എത്തി. കൊല്ലം റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി ഡിപ്പോയിലും ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കും. ക്രമസമാധാനപാലനത്തിന് പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിധി നിര്‍ണയം കുറ്റമറ്റതാക്കാന്‍ കര്‍ശന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനംചെയ്യും. മമ്മൂട്ടി വിശിഷ്ടാതിഥിയാവും.