മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കാര്യക്ഷമതയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയ കൈപ്പുസ്തകം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. വകുപ്പ് ലഭ്യമാക്കുന്ന വിവിധ സേവനങ്ങള്‍ക്ക് പുറമെ അത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതിലേക്കു സമര്‍പ്പിക്കേണ്ടുന്ന രേഖകളെ സംബന്ധിച്ചും വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളെ കുറിച്ചും കൈപ്പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ഖനന മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുസ്തകം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
സേവനങ്ങളെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലളിതമായി മനസ്സിലാക്കാന്‍ സാധിക്കും. വകുപ്പിന്റെ വെബ്സൈറ്റിലും പുസ്തകത്തിന്റെ പകര്‍പ്പ് ലഭ്യമാക്കും. ചട്ടങ്ങളിലുണ്ടാകുന്ന ഭേദഗതികള്‍ പെട്ടെന്ന് തിരിച്ചറിയുന്ന തരത്തില്‍ അപ്ഡേറ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഹോട്ടല്‍ റെസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അദ്ധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ കെ ഹരികുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ കിഷോര്‍, ആനി ജൂല തോമസ്, മുന്‍ എംഎല്‍എ രാജു എബ്രഹാം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.