തിരുവനന്തപുരം :
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നടന്ന ഘോഷയാത്ര കാണാന്‍ തലസ്ഥാനനഗരിയിലെത്തിയത് പതിനായിരങ്ങള്‍. ഉച്ച കഴിഞ്ഞപ്പോള്‍ റോഡിന് ഇരുഭാഗത്തുമായി ആളുകള്‍ സ്ഥലം പിടിച്ചിരുന്നു. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ ഘോഷയാത്ര കടന്നുപോകുന്ന വീഥിയിലെ പുരുഷാരത്തെ നിയന്ത്രിക്കാന്‍ പൊലീസും ടൂറിസം വളന്റിയര്‍മാരും പാടുപെട്ടു.
വൈകിട്ട് അഞ്ചിന് വെള്ളയമ്പലം മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫ്‌ലാഗ്ഓഫ് ചെയ്തു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു, കെ രാജന്‍, ചീഫ്സെക്രട്ടറി വി പി ജോയ്, ഡിജിപി അനില്‍കാന്ത്, ശശി തരൂര്‍ എംപി , എംഎല്‍എമാരായ വി കെ പ്രശാന്ത്, ഡി കെ മുരളി, ഐ ബി സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മന്ത്രി പി എ മുഹമ്മദ് റിയാസ് വാദ്യകലാകാരന്‍ സുരേഷിന് കൊമ്പ് കൈമാറി. ഘോഷയാത്ര കൊമ്പ് വിളി ഉയര്‍ന്നു. പിന്നാലെ അശ്വാരൂഢസേനയും മുത്തുക്കുടയേന്തിയ കേരളീയവേഷം ധരിച്ച നൂറുപുരുഷന്മാരും അണിനിരന്നു. ഓലക്കുടയുമായി മോഹിനിയാട്ടം നര്‍ത്തകിമാരും. വേലകളി, ആലവട്ടം, വെഞ്ചാമരം, തെയ്യം, പടയണി, കഥകളി, പുലികളി, നീലക്കാവടി, കുമ്മാട്ടി, പാക്കനാര്‍ കളി, ചിന്തുകാവടി, അമ്മന്‍കുടം, മയൂരനൃത്തം, പരുന്താട്ടം, ഗരുഡന്‍പറവ, അര്‍ജുന നൃത്തം, പൊയ്ക്കാല്‍ക്കളി, ശീതങ്കന്‍ തുള്ളല്‍ തുടങ്ങി 77 കലാരൂപങ്ങളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. 76 ഫ്ളോട്ടും അണിനിരന്നു.
മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മന്ത്രിമാരും എംഎല്‍എമാരും യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വിവിഐപി പവിലിയനില്‍ ഘോഷയാത്ര കണ്ടു. ശിശുക്ഷേമസമിതിയിലെ കുട്ടികള്‍ക്കും കെയര്‍ഹോമിലെ അന്തേവാസികള്‍ക്കും പ്രത്യേകസൗകര്യവും ഒരുക്കിയിരുന്നു.