കൊല്ലം
കൗമാര പ്രതിഭകളുടെ കലാപോരാട്ടത്തിന് അരങ്ങുണരാന്‍ ഇനി ഒരുനാള്‍. എട്ടുവരെ നടക്കുന്ന 62--ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. കൊല്ലം ആശ്രാമം മൈതാനത്ത് സജ്ജമായ പ്രധാനവേദി 'ഒ എന്‍ വി സ്മൃതി' മന്ത്രി വി ശിവന്‍കുട്ടി കലാമേളയ്ക്ക് സമര്‍പ്പിച്ചു. കോഴിക്കോട്ടുനിന്ന് ചൊവ്വ രാവിലെ പുറപ്പെട്ട സ്വര്‍ണക്കപ്പ് വിവിധ ജില്ലകളിലെ സ്വീകരണശേഷം ബുധന്‍ വൈകിട്ട് 6.30ന് ഘോഷയാത്രയോടെ ആശ്രാമം മൈതാനത്തെ പ്രധാനവേദിയില്‍ എത്തിക്കും. വ്യാഴം രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരത്തിന് നടി ആശാ ശരത്തും സ്‌കൂള്‍ കുട്ടികളും ചുവടുവയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. നടി നിഖില വിമല്‍ മുഖ്യാതിഥിയാകും. 24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 പ്രതിഭകള്‍ മാറ്റുരയ്ക്കും.
സമാപനസമ്മേളനം എട്ടിനു വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനംചെയ്യും. നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥിയാകും. നാലാം തവണയാണ് കൊല്ലം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. 2008ല്‍ ആയിരുന്നു അവസാനം.
ആദ്യദിനം 23 വേദിയിലാണ് മത്സരങ്ങള്‍. കൊല്ലത്തെ മണ്‍മറഞ്ഞ അതുല്യപ്രതിഭകളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്. ബുധന്‍ രാത്രി ഭക്ഷണത്തോടെ ഊട്ടുപുര ഉണരും. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഭക്ഷണമൊരുക്കുന്നത്. 31 സ്‌കൂളിലാണ് താമസസൗകര്യം. മത്സരഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കും. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.