തിരുവനന്തപുരം ജില്ലയ്ക്ക് അഭിമാനമായ പുഴയൊഴുകും മാണിക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഭൂജലസംരക്ഷണപദ്ധതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രജലശക്തി മന്ത്രാലയം പ്രതിനിധികള്‍ മാണിക്കല്‍ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. ഭൂജലവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള വെള്ളാണിക്കല്‍ പാറമുകള്‍, വെള്ളാണിക്കല്‍ എല്‍പിഎസ്, കൊപ്പം എല്‍പിഎസ് എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളും ഭൂജല പരിപോഷണപ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കിയ വെളളാണിക്കല്‍ ഫലവൃക്ഷതൈ നഴ്‌സറി, ഏറക്കട്ടക്കാല്‍ നെല്‍കൃഷി, താമരഭാഗം താമര കൃഷി, കുഞ്ചിക്കുഴി ചിറയിലെ അമൃത സരോവര്‍ പദ്ധതി, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളും സംഘം സന്ദര്‍ശിച്ചു.കേന്ദ്ര പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ ഡയറക്ടര്‍ ജനറല്‍ പി. മനോജ് കുമാറിന്റ നേതൃത്വത്തിലാണ് സംഘം എത്തിയത്.
നെടുമങ്ങാട് മാണിക്കല്‍ പ്രദേശത്ത് വെളാവൂര്‍ തോട് എന്നറിയപ്പെടുന്ന മാണിക്കല്‍ പുഴയുമായി ബന്ധിപ്പെടുത്തി വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് നടപ്പാക്കുന്ന സമഗ്രപദ്ധതിയാണ് പുഴയൊഴുകും മാണിക്കല്‍. ഹരിതകേരളം മിഷന്റെയും മാണിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. കേന്ദ്രജലശക്തി മന്ത്രാലയത്തിന്റെ മികച്ച ജലസംരക്ഷണപദ്ധതിക്കുള്ള പുരസ്‌കാരം പുഴയൊഴുകും മാണിക്കല്‍ പദ്ധതിക്ക് ലഭിച്ചിരുന്നു.സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് സയന്റിസ്റ്റ് അദിത്യശര്‍മ, ജലശക്തി അഭിയാന്‍ നോഡല്‍ ഓഫീസറും ഭൂജലവകുപ്പ് ജില്ല ഓഫീസറുമായ സുധീര്‍.എ.എസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയ സംഘം, പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുമായും സംവദിച്ചു.