INDIA

സ്പോര്‍ട്സിനെ ലഹരിയാക്കൂ: മുഖ്യമന്ത്രി


13.Sep.2026
ലഹരിയുടെ പിടിയില്‍ നിന്ന് യുവജനങ്ങളെ മുക്തരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സ്പോര്‍ട്സിനും പോലീസിനും സാധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ 47 -ാമത് സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ഫിറ്റ്നെസിന്റെ പ്രാധാന്യം വിളിച്ചോതുന്ന കായികമേളയിലൂടെ ഓപ്പറേഷന്‍ തൂഫാന്റെ മികച്ച സന്ദേശമാണ് കേരള പോലീസ് മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യെസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ് എന്നതായിരുന്നു കായികമേളയുടെ മുദ്രാവാക്യം. സംസ്ഥാനത്തിന്റെ കായിക വികസനത്തില്‍ കൂടുതല്‍ പങ്ക് വഹിക്കാന്‍ കേരള പോലീസിനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാന പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ കായിക മേളയ്ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞതിലെ സന്തോഷവും മുഖ്യമന്ത്രി പങ്കുവച്ചു.

41 പോലീസ് യൂണിറ്റുകളില്‍ നിന്നായി 1375 അത്ലറ്റുകള്‍ പങ്കെടുത്ത പോലീസ് കായികമേളയില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.


മാര്‍ച്ച് പാസ്റ്റോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. ചടങ്ങിന് സംഘാടക സമിതി ചെയര്‍മാനും ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാം സ്വാഗതമാശംസിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ഫിറ്റ്നെസിനോടുള്ള കേരള പോലീസിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ മേളയില്‍ കണ്ട വര്‍ധിച്ച സ്ത്രീപങ്കാളിത്തവും പുതിയ റെക്കോര്‍ഡുകളുമെന്ന് ഡിജിപി പറഞ്ഞു.

ചടങ്ങില്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് എ ഹേമചന്ദ്രന്‍, ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, കെ.പി.എച്ച്.സി.സി എം.ഡി.യും എ.ഡി.ജി.പിയുമായ ഗുഗുലോത്ത് ലക്ഷ്മണ്‍, സംഘാടക സമിതി സെക്രട്ടറിയും പോലീസ് ആസ്ഥാനത്തെ ഐ.ജിയുമായ ഹര്‍ഷിത അത്തലൂരി, ഡെപ്യൂട്ടി സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസറും എസ്.ഐ.എസ്.എഫ് കമാന്‍ഡന്റുമായ എല്‍. സോളമന്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.







Last Update: 13/09/2026
SHARE THIS PAGE!
MORE IN NEWS