തിരുവനന്തപുരം :
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കാനറാ ബാങ്കിന്റെ നേതൃത്വത്തില്‍ 2026 ഡിസംബര്‍ 31 വരെ സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു. ബാങ്കിന്റെ സംസ്ഥാനത്തെ വിവിധ ശാഖകള്‍ വഴി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് കാനറാ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ വി.എസ് സന്തോഷ് അറിയിച്ചു
ഇതിന്റെ ഭാഗമായി നിര്‍ജീവമായ അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന കുറഞ്ഞ പ്രീമിയം തുകയുള്ള ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികളില്‍ (PMJJBY, PMSBY, APY) അംഗങ്ങളാകുന്നതിനുമുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. കൂടാതെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനും സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുറക്കാനുമുള്ള സൗകര്യം, നിലവിലുള്ള അക്കൗണ്ടുകളില്‍ Re-KYC, CKYC ചെയ്യാനുള്ള സൗകര്യം എന്നിവയും ലഭ്യമാണ്. സേവിംഗ്സ് അക്കൗണ്ടുകളിലെ നോമിനേഷന്‍ പുതുക്കല്‍, ലോക്കര്‍ സേവനങ്ങള്‍ പോലുള്ള മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അര്‍ഹരായ അവകാശികള്‍ ഇല്ലാതെ കിടക്കുന്ന സാമ്പത്തിക ആസ്തികള്‍ അവകാശികള്‍ക്ക് തിരികെ നല്‍കുന്നതിനായി പ്രത്യേക നടപടികളും പരിപാടിയുടെ ഭാഗമായി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (KCC) വായ്പകള്‍, വിള ഇന്‍ഷുറന്‍സ് പദ്ധതിയായ PMFBY എന്നിവയുടെ അപേക്ഷകള്‍ സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ സേവനങ്ങള്‍ ലഭിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുമായി പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം അടുത്തുള്ള കാനറാ ബാങ്ക് ശാഖയുമായി ബന്ധപ്പെടാവുന്നതാണ്.