INDIA

മലയാള സിനിമയെ ആഘോഷിക്കാന്‍ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള 2026


20.Nov.2026
പ്രേം നസീറിന്റെ പാരമ്പര്യം അനുസ്മരിക്കുന്നതിനൊപ്പം പുതുതലമുറ ചലച്ചിത്രകാരന്മാരെയും ശ്രദ്ധാകേന്ദ്രമാക്കുന്നു


'നിത്യഹരിത പ്രണയനായകന്‍' പ്രേം നസീറിന്റെ അനശ്വര പാരമ്പര്യം മുതല്‍ പുതുതലമുറ ചലച്ചിത്രകാരന്മാരുടെ സമകാലിക കഥാഖ്യാനം വരെ, മലയാള സിനിമയുടെ സമ്പന്നതയും വൈവിധ്യവും ഗോവയിലെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ  ശ്രദ്ധാകേന്ദ്രമാകുന്നു.

 

മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് പ്രത്യേക ആകര്‍ഷണമായി ഇതിഹാസ നടന്‍ പ്രേം നസീര്‍ അഭിനയിച്ച 'തുലാഭാരം' പ്രദര്‍ശിപ്പിച്ച് ശതാബ്ദി ആഘോഷങ്ങള്‍ അരങ്ങേറും. ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംഘടിപ്പിക്കുന്ന ഈ പ്രദര്‍ശനം രാജ്യത്തിന്റെ ചലച്ചിത്ര ചരിത്രത്തില്‍ മായാമുദ്ര പതിപ്പിച്ച സിനിമകളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും വീണ്ടും ആസ്വദിക്കാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

 

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, അജു വര്‍ഗീസ്, റിയ ഷിബു, പ്രീതി മുകുന്ദന്‍ എന്നിവര്‍ അഭിനയിച്ച 'സര്‍വം മായ'യിലൂടെയാണ് സമകാലിക മലയാള സിനിമയ്ക്ക് മേളയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ഇന്ത്യന്‍ പനോരമ ഫീച്ചര്‍ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അതീന്ദ്രിയ പ്രമേയമുള്ള ഈ ചിത്രത്തില്‍ ഒരു യുവതിയുടെ ആത്മാവുമായി അസാധാരണ ബന്ധത്തിലാകുന്ന നിരീശ്വരവാദിയായ സംഗീതജ്ഞന്‍ പ്രഭേന്ദുവിന്റെ കഥയിലൂടെ വിശ്വാസം, പ്രണയം, ആത്മസാക്ഷാത്കാരം എന്നിവ അനാവരണം ചെയ്യുന്നു. 

Last Update: 20/11/2026
SHARE THIS PAGE!
MORE IN NEWS