എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ...

KERALA

രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്ക് നടപ്പാക്കി കേരളം


25.Sep.2024
സംസ്ഥാനത്തെ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കുകള്‍ നടപ്പിലാക്കി കേരളം. രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഏകീകൃത നിരക്ക് സംവിധാനം പ്രകാരം 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഡി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാര്‍ജ് 350 രൂപയുമായിരിക്കും. ടെക്‌നീഷ്യന്‍, ഡോക്ടര്‍ എന്നിവരുടെ സേവനം ആംബുലന്‍സില്‍ ലഭിക്കും. ട്രാവലര്‍ ആംബുലന്‍സുകള്‍ എസി, ഓക്‌സിജന്‍ സൗകര്യമുള്ള സി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 1,500 രൂപയും വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 40 രൂപയുമായിരിക്കും ഈടാക്കുക.

അപകടം നടന്ന സ്ഥലത്തുനിന്ന് അടിയന്തരമായി ചികിത്സ നല്‍കുന്നതിന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം ഈടാക്കില്ല. ബി വിഭാഗത്തിലെ നോണ്‍ എ.സി. ട്രാവലര്‍ ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 1,000 രൂപ, വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപ, കിലോമീറ്റര്‍ നിരക്ക് 30 രൂപ എന്നതാകും. ഓമ്‌നി, ഈക്കോ, ബോലേറോ തുടങ്ങിയ ആര്‍.ടി.ഒ അംഗീകരിച്ച എസ്യി ഉള്ള എ വിഭാഗത്തിലെ ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 800 രൂപ, വെയിറ്റിങ് ചാര്‍ജ് 200 രൂപ, കിലോമീറ്റര്‍ നിരക്ക് 25 രൂപ ആണ്. ഈ വിഭാഗത്തിലെ നോണ്‍ എ.സി. വാഹനങ്ങള്‍ക്ക് മിനിമം ചാര്‍ജ് 600 രൂപ, വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 150 രൂപ, കിലോമീറ്റര്‍ നിരക്ക് 20 രൂപ ആയിരിക്കും. 

വെന്റിലേറ്റര്‍ C, D വിഭാഗത്തിലുള്ള ആംബുലന്‍സുകളില്‍ ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 20% നിരക്ക് കുറവ് ലഭിക്കും. കാന്‍സര്‍ രോഗികള്‍, 12 വയസില്‍ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികള്‍ എന്നിവര്‍ക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവ് ലഭിക്കും.

ആംബുലന്‍സ് സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും ഐഡി കാര്‍ഡും മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. ഡ്രൈവിംഗില്‍ കൂടുതല്‍ പ്രായോഗിക പരിശീലനമായിരിക്കും നല്‍കുക. ആംബുലന്‍സ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം സഹായിക്കും. ഒപ്പം ഡ്രൈവര്‍മാര്‍ക്ക് നേവി ബ്ലൂ ഷര്‍ട്ടും ബ്ലാക്ക് പാന്റും അടങ്ങുന്ന യൂണിഫോം ഡ്രസ്സ് കോഡ് ഏര്‍പ്പെടുത്തും.

ആംബുലന്‍സുകളില്‍ ലോഗ് ബുക്ക് ഉറപ്പാക്കും. വാഹനത്തിന്റെ യാത്രകളും ചെലവഴിച്ചസമയവും ദൂരവുമടക്കമുള്ളവയുടെ കൃത്യമായ വിവരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. ഓരോ ആംബുലന്‍സിന്റെയും താരിഫ് നിരക്കിന്റെ വിശദാംശങ്ങള്‍ ആംബുലന്‍സിന്റെ അകത്ത് എഴുതിയിട്ടുണ്ടാകണം. ഇത് രോഗിയുടെ കൂട്ടിരിപ്പുകാര്‍ കാണുന്ന രീതിയില്‍ പോസ്റ്ററായോ നോട്ടീസായോ പതിപ്പിക്കാം. കൂടാതെ രോഗികള്‍ക്കോ കുടുംബങ്ങള്‍ക്കോ ആംബുലന്‍സ് സൗകര്യവുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ അറിയിക്കേണ്ട 9188961100 എന്ന നമ്പറിനൊപ്പം പ്രത്യേക വാട്സ് ആപ്പ് നമ്പറും താരിഫിനൊപ്പം രേഖപ്പെടുത്തും. പരാതികള്‍ ഈ നമ്പറുകളില്‍ അറിയിക്കാം.

Last Update: 25/09/2024
SHARE THIS PAGE!
MORE IN NEWS