കേരളത്തിന്റെ ഐടി മുന്നേറ്റത്തിന് കരുത്തുപകര്‍ന്നു കൊണ്ട് കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് 2-ല്‍ എയര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. തെക്കേ ഇന്ത്യയിലെ എയര്‍ ഇന്ത്യയുടെ ആദ്യ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്ററാണ് ഇന്‍ഫോപാര്‍ക്കിലെ കാസ്പിയന്‍ ടെക് പാര്‍ക്‌സില്‍ ആരംഭിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയിലൂടെയും മറ്റ് ഡാറ്റ പ്രോസസിങ് സംവിധാനങ്ങളിലൂടെയും നൂതനമായ ഡിജിറ്റല്‍ ഉപഭോക്തൃ സേവനങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതുപോലുള്ള പ്രമുഖ ബഹുരാഷ്ട്ര ഐടി കമ്പനികളുടെയും ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെയും ഒരു വലിയ നിര ഇക്കഴിഞ്ഞ കാലയളവില്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇരുപതാം വാര്‍ഷികമാഘോഷിക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ അഭൂതപൂര്‍വമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ 39,200 തൊഴിലവസരങ്ങളുടെയും ഐടി സ്‌പേസില്‍ 49.09 ലക്ഷം ചതുരശ്ര അടിയുടെയും 295 കമ്പനികളുടെയും ഐടി നിക്ഷേപത്തില്‍ 2,975.4 കോടി രൂപയുടെയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാടിന്റെ ഐടി മേഖലയെ കൂടുതല്‍ മികവുറ്റ നേട്ടങ്ങളിലേക്കുയര്‍ത്തുന്ന ചാലകശക്തിയായി എയര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്റര്‍ മാറും.