ദുല്‍ഖര്‍ സല്‍മാന്‍ - വെങ്കി അറ്റ് ലൂരി
കൂട്ടുകെട്ടില്‍ 'ലക്കി ഭാസ്‌കര്‍' ! ഫസ്റ്റ് ലുക്ക് പുറത്ത്...
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ് ലൂരി തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന 'ലക്കി ഭാസ്‌കര്‍'ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും സിത്താര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
മികവുറ്റ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയത്തിന്റെ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതം ആരംഭിച്ച് 12 വര്‍ഷം തികയുന്ന അവസരത്തിലാണ് 'ലക്കി ഭാസ്‌കര്‍'ന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന പ്രതിസന്ധികളെയാണ് ദൃശ്യാവിഷ്‌ക്കരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിന്‍ നൂലി, പിആര്‍ഒ: ശബരി.