സന്തോഷ് നാരായണനും ധീയും ആദ്യമായി മലയാളത്തില്‍! 'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയിലെ 'വിടുതല്‍' ഗാനം പുറത്ത്
ലോകമാകെ ഭാഷാഭേദമന്യേ ആരാധകരെ സൃഷ്ടിച്ചെടുത്ത ഗാനമായിരുന്നു 'എന്‍ജോയ് എന്‍ജാമി'. കൊച്ചുക്കുട്ടികള്‍ മുതല്‍ പ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുപോലെ ഏറ്റെടുത്ത ഈ പാട്ടിന്റെ ശബ്ദമായിരുന്ന ധീ ആദ്യമായി മലയാളത്തില്‍ പാടുന്ന പാട്ടായി പുറത്തിറങ്ങിയിരിക്കുകയാണ് ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയിലെ 'വിടുതല്‍' എന്ന ഗാനം.
തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും ഈ ഗാനത്തിന് സംഗീതമൊരുക്കിക്കൊണ്ട് മലയാളത്തില്‍ അരങ്ങേറുകയാണ്. ഡാര്‍വിന്‍ കുര്യാക്കോസ് - ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9നാണ് തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത്.
മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണന്‍ ഈണം നല്‍കി ധീയും ഓഫ്‌റോയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പോരാട്ടങ്ങളേയും ധീരതയേയും വീര്യമുള്ള മനസ്സുകളേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആസ്വാദക ഹൃദയങ്ങളെ ത്രസിപ്പിക്കുന്നതാണ്.
2012-ല്‍ 'ആട്ടക്കത്തി' എന്ന സിനിമയിലൂടെ സിനിമാ മേഖലയില്‍ തുടക്കമിട്ട സന്തോഷ് നാരായണന്‍ ഇതിനകം 'പിസ', 'സൂധുകാവും', 'ജിഗര്‍തണ്ട', 'ഇരൈവി', 'കബാലി', 'പരിയേറും പെരുമാള്‍', 'വട ചെന്നൈ', 'ജിപ്‌സി', 'കര്‍ണന്‍', 'സര്‍പാട്ട പരമ്പരൈ', 'മഹാന്‍', 'ദസര', 'ചിറ്റാ', 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ റീല്‍സ് ഭരിക്കുന്ന എന്‍ജോയ് എന്‍ജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താന്‍ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി.
അതിനാല്‍ തന്നെ സംഗീതമായും പശ്ചാത്തല സംഗീതമായും ഈ ടൊവിനോ ചിത്രത്തില്‍ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണന്‍ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. സിനിമയിലേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ആദ്യത്തെ ഗാനം ഏറെ പ്രതീക്ഷ നല്‍കിയിരിക്കുകയുമാണ്.
ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന പ്രത്യേകതയുമുണ്ട്.
വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍ പകല്‍ മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. നായികമാര്‍ പുതുമുഖങ്ങളാണ്.
സിനിമയുടെ ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധര്‍, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, പി ആര്‍ ഒ: ശബരി, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്.